തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ തീര്‍ത്തും അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിച്ചില്ല. പ്രകൃതിക്ഷോഭ സഹായധനം ഇതര സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കിയപ്പോള്‍ അതിരൂക്ഷമായ പ്രളയക്കെടുതിയുണ്ടായ സംസ്ഥാനമായിട്ട് പോലും കേരളത്തെ ഒഴിവാക്കിയ അതേ രാഷ്ട്രീയ മനോഭാവമാണ് കേരളത്തിന്‍റെ കാര്യത്തില്‍ ബജറ്റിലുമുള്ളത്. സെമി ഹൈ സ്പീഡ് കോറിഡോര്‍, അങ്കമാലി-ശബരി റെയില്‍പാത, ജിഎസ്‌ടി നഷ്ടപരിഹാരത്തുക, കടത്തിന്‍റെ പരിധി ഉയര്‍ത്തല്‍, റബ്ബര്‍ സബ്‌സിഡി ഉയര്‍ത്തല്‍, കേരളത്തിന് ഒരു എയിംസ്, ഫാക്ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അധികനിക്ഷേപം, ദേശീയപാതാ വികസനം വേഗത്തിലാക്കല്‍, ഗള്‍ഫ് നാടുകളിലെ എംബസികളില്‍ അറ്റാഷെകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, പ്രവാസി പുനരധിവാസം തുടങ്ങി സുപ്രധാനമായ എത്രയോ ആവശ്യങ്ങള്‍ കേരളം മുമ്പോട്ടുവച്ചിരുന്നു. ഇതിനെല്ലാം വിശദമായ നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ അതിനൊന്നും ഒരു പരിഗണനയും കേന്ദ്രം നല്‍കിയില്ല.
സഹകരണമേഖലയെ വളര്‍ത്തേണ്ട ഘട്ടത്തില്‍ അവയെ ഇല്ലായ്മ ചെയ്യുന്ന നികുതിനിര്‍ദേശവുമായി മുമ്പോട്ടുപോവുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കേന്ദ്ര നികുതിയില്‍നിന്നുള്ള സംസ്ഥാത്തിന്‍റെ ഓഹരിയില്‍ വലിയതോതിലുള്ള ഇടിവ് വരുന്നു എന്നതും ഉല്‍കണ്ഠാജനകമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടുതലായി വിറ്റഴിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ കേന്ദ്ര ബജറ്റ് കേരളത്തിലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, റിഫൈനറി പോലുള്ളവക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ല. എന്നു മാത്രമല്ല, നിലവിലുള്ളതിനെ അപേക്ഷിച്ച് പല രംഗങ്ങളിലും വെട്ടിക്കുറച്ചു. ജിഎസ്‌ടിയുടെ കാര്യത്തില്‍ അര്‍ഹമായ വിഹിതം നിരന്തരം നിഷേധിക്കുന്ന കേന്ദ്രം, കൃഷി-ഭൂമി രംഗങ്ങളില്‍ സംസ്ഥാനത്തിന്‍റെ അധികാരാവകാശങ്ങള്‍ ഫെഡറല്‍ സത്തക്ക് വിരുദ്ധമായി കൂടിയതോതില്‍ കവരുന്നതിനുള്ള ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.