തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേർ നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവർ. കാസർകോട് ഏഴും തൃശൂർ, കണ്ണൂർ എന്നിവിടങ്ങളില്‍ ഒരോ കേസും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 295 പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 251 പേർ ചികിത്സയിലുണ്ട്. ഇതുവരെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതില്‍ 206 പേർ വിദേശത്ത് നിന്നും എത്തിയവരാണ്.
ദുബൈയില്‍ നിന്നും വന്ന നാല് പേർക്കും ഷാർജ, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോ ആൾക്കാർക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന അഞ്ച് പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് മൂന്ന് പേരുടെയും ഇടുക്കി കോഴിക്കോട് ജില്ലയികളില്‍ നിന്ന് രണ്ട് വീതം പേരുടെയും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. കോട്ടയത്തെ വൃദ്ധ ദമ്പതികളും അവരെ ശുശ്രൂഷിച്ച നഴ്സും രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരുടേയും പരിശോധന നടത്തും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,997 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,69,291 പേര്‍ വീടുകളിലും 706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 184 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9139 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8126 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ലോക്‌ഡൗൺ സംബന്ധിച്ച് സർക്കാരിന്‍റെ തുടർ നടപടികൾ നിശ്ചയിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിച്ചു. 17 അംഗ ടാസ്‌ക് ഫോഴ്‌സിനാണ് രൂപം നല്‍കിയത്. ഫണ്ട് ഇല്ലാത്തതിനാല്‍ സാമൂഹ്യ അടുക്കള പൂട്ടുന്നുവെന്നത് വ്യാജ വാർത്തയാണെന്നും മുഖ്യമന്ത്രി. സാമൂഹ്യ അടുക്കളയിൽ അനാവശ്യമായ ഇടപെടൽ ഒഴിവാക്കണമെന്നും ആവശ്യമുള്ളവർ മാത്രം ഇവിടെയെത്തിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
മാസ്‌ക് ധരിക്കുന്നതിന് ജനങ്ങൾക്കിടയില്‍ ബോധവത്കരണം വേണം. മറ്റുള്ളവരെ കുറിച്ചുള്ള കരുതൽ കൂടിയാണിത്. മറ്റ് അസുഖങ്ങൾ ഉള്ളവർക്ക് ചികിത്സ ലഭിക്കാൻ ക്ലീനിക്കുകൾ തുറക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജൻ ധൻ പദ്ധതി പ്രകാരമെത്തിയ 500 രൂപയെടുക്കാൻ ബാങ്കിൽ നാളെ മുതല്‍ തിരക്ക് ഉണ്ടാകും. ഇത് ഒഴിവാക്കാൻ വേണ്ട നിർദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ പ്രവർത്തനം പ്രശംസനീയമെന്നും മുഖ്യമന്ത്രി. 198 റേഷൻ കടകളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി. 19 കേസുകളിലായി 12000 രൂപ പിഴ ചുമത്തി. കേരള- തമിഴ്നാട് അതിർത്തി മണ്ണിട്ട് അടച്ചെന്ന വാർത്ത വ്യാജമാണെന്നും മുഖ്യമന്ത്രി.