തിരുവനന്തപുരം: കുട്ടനാട് എം.എല്‍.എയും എന്‍സിപി സംസ്ഥാന പ്രസിഡന്‍റുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമസഭാംഗമെന്ന നിലയിൽ കുട്ടനാടിന്‍റെ വികസനത്തിന് അദ്ദേഹം ചെയ്ത കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് നിർണായക ഇടപെടലുകൾ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന തോമസ് ചാണ്ടി വ്യവസായ സംരംഭകൻ എന്ന നിലയിലും അറിയപ്പെട്ടു. കുവൈറ്റിൽ വിദ്യാഭ്യാസ മേഖലയിൽ ശക്തമായ സാന്നിധ്യമായിരുന്നു അദ്ദേഹം. പിണറായി മന്ത്രിസഭയില്‍ മുന്‍ ഗതാഗത മന്ത്രിയായിരുന്നു തോമസ് ചാണ്ടി. ടൂറിസം വികസന കാര്യത്തില്‍ പ്രത്യേക ശ്രദ്ധാലുവായിരുന്ന ചാണ്ടി മന്ത്രിയെന്ന നിലയിലും തന്‍റെ പ്രാഗല്‌ഭ്യം തെളിയിച്ചെന്നും ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും ജനമനസുകളിൽ സ്ഥാനം നേടാൻ തോമസ് ചാണ്ടിക്ക് സാധിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.