ന്യൂഡല്‍ഹി/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്‌ച. ബഫര്‍ സോണ്‍, കെ-റെയില്‍ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായെന്നാണ് സൂചന.
![Chief minister met Prime minister Chief minister മുഖ്യമന്ത്രി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തി ബഫര്‍ സോണും സില്‍വര്‍ ലൈനും ചര്‍ച്ചയായെന്ന് സൂചന സെമി ഹൈസ്‌പീഡ് സില്‍വര്‍ ലൈന്‍ ബഫര്‍ സോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി kerala news updates latest news in kerala news updates in kerala](https://etvbharatimages.akamaized.net/etvbharat/prod-images/17322150_mp-1.jpeg)
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തു വിട്ടു. ദേശീയ ഉദ്യാനങ്ങള്‍ക്കും വന്യമൃഗ സങ്കേതങ്ങള്‍ക്കും സമീപത്തെ ഒരു കിലോമീറ്റര്‍ ദൂരം പ്രത്യേക കരുതല്‍ മേഖലയായി(ബഫര്‍സോണ്‍) ആയി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചു. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി ജനുവരി രണ്ടാം വാരം സുപ്രീം കോടതിയുടെ പരിഗണനക്ക് എത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി ഇക്കാര്യം മുന്നോട്ടു വച്ചത്.
![Chief minister met Prime minister Chief minister മുഖ്യമന്ത്രി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തി ബഫര്‍ സോണും സില്‍വര്‍ ലൈനും ചര്‍ച്ചയായെന്ന് സൂചന സെമി ഹൈസ്‌പീഡ് സില്‍വര്‍ ലൈന്‍ ബഫര്‍ സോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി kerala news updates latest news in kerala news updates in kerala](https://etvbharatimages.akamaized.net/etvbharat/prod-images/17322150_oplk.jpeg)
കേന്ദ്ര റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്ന സെമി ഹൈസ്‌പീഡ് സില്‍വര്‍ ലൈന്‍ പ്രോജക്‌ടിന് കേന്ദ്രം എത്രയും വേഗം അനുമതി നല്‍കണമെന്ന കാര്യവും മുഖ്യമന്ത്രി മുന്നോട്ട് വച്ചു. കെ-റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ പിന്‍വലിച്ചു കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കിയപ്പോള്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുന്നുവെന്ന വ്യാഖ്യാനമുണ്ടായെങ്കിലും പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.
പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ച ശേഷമേ ഇനി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് പദ്ധതിക്ക് എത്രയും വേഗം അംഗീകാരം വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അഭ്യര്‍ഥിച്ചത്. അതേ സമയം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നാണ് പ്രതിപക്ഷ നിലപാട്.