തിരുവനന്തപുരം : ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് 5 ശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്‌പ നല്‍കുന്ന പുതിയ സര്‍ക്കാര്‍ പദ്ധതി ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കുന്നു. നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (Chief Ministers Entrepreneurship Development Plan) പുനരാവിഷ്‌കരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.
നിലവില്‍ 7% പലിശയില്‍ 50 ലക്ഷം രൂപ വരെയാണ് ലഭ്യമാവുന്നത്. ഇത് ഒരു കോടി രൂപ വരെ 5% പലിശ നിരക്കില്‍ നല്‍കുന്ന രീതിയിലാണ് പദ്ധതിയെ മാറ്റുക. ഒരു വര്‍ഷം 500 സംരംഭം എന്ന കണക്കില്‍ 5 വര്‍ഷം കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങളാണ് ലക്ഷ്യമിടുന്നത്.
ഇതിനായി ഓരോ വര്‍ഷവും കെഎഫ്‌സി 300 കോടി രൂപയാണ് നീക്കിവയ്ക്കുക. പദ്ധതിയില്‍ 3% സബ്‌സിഡി കേരള സര്‍ക്കാരും,2% സബ്‌സിഡി KFCയും (Kerala Financial Corporation) നല്‍കും.
എംഎസ്എംഇ രജിസ്‌ട്രേഷന്‍ വേണം
വ്യവസായ യൂണിറ്റുകള്‍ക്ക് എംഎസ്എംഇ രജിസ്‌ട്രേഷന്‍ ഉണ്ടാവണം. മുഖ്യ സംരംഭകന്‍റെ പ്രായം 50 വയസില്‍ താഴെ ആയിരിക്കണം. പട്ടികജാതി പട്ടികവര്‍ഗ സംരംഭകര്‍ക്കും, വനിത സംരംഭകര്‍ക്കും, പ്രവാസി സംരംഭകര്‍ക്കും പ്രായപരിധി 55 വയസുവരെയാണ്.
പുതിയ സംരംഭം തുടങ്ങാനും നിലവിലെ സംരംഭങ്ങള്‍ ആധുനികവത്കരിക്കാനും വായ്‌പ ലഭിക്കും. പദ്ധതി ചിലവിന്‍റെ 90% വരെയാണ് വായ്‌പ. പുതിയ പദ്ധതികള്‍ക്ക് ഒരു കോടിക്ക് മുകളിലും വായ്‌പ ലഭിക്കും. ഒരു കോടി രൂപ വരെ ഉള്ള വായ്‌പകള്‍ 5 ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്‌സിയുടെ സാധാരണ പലിശ നിരക്കിലും ഉള്‍പ്പെടുത്തിയാണ് അനുവദിക്കുക.
തിരിച്ചടവ് കാലാവധി 10 വര്‍ഷം
10 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകുമെങ്കിലും പലിശ ഇളവ് 5 വര്‍ഷത്തേക്കായിരിക്കും. തിരഞ്ഞെടുത്ത സംരംഭകര്‍ക്കായി കെഎഫ്‌സി പ്രത്യേക പരിശീലനവും തുടര്‍ സേവനങ്ങളും ലഭ്യമാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ പദ്ധതിയില്‍ പ്രയോജനം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി രൂപവരെയുള്ള വായ്‌പ 5.6% നിരക്കില്‍ ഈ പദ്ധതി മുഖേന ലഭ്യമാക്കുന്നതാണ്.