തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനും പങ്കുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രവീന്ദ്രന്‍ സ്വര്‍ണം കടത്തിയ നയന്ത്രബാഗ് വിട്ട് നല്‍കാന്‍ കസ്റ്റംസിനെ വിളിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. ചില ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ശിവശങ്കറിനെ മുന്‍ പരിചയമില്ലെന്ന് ഇന്നലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല. കഴിഞ്ഞ 12 വര്‍ഷമായി പിണറായി വിജയനും ശിവശങ്കറും തമ്മില്‍ ബന്ധമുണ്ട്. പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ രവീന്ദ്രനാണ് ശിവശങ്കറിനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് അപാര തൊലിക്കട്ടിയാണെന്നും അദ്ദേഹത്തിന് മുന്നില്‍ കാണ്ടാമൃഗം തോറ്റുപോകുമെന്നും മുല്ലപ്പള്ളി പരിഹസിച്ചു. ശിവശങ്കര്‍ വൈദ്യുത വകുപ്പിൽ ഇരുന്നപ്പോഴാണ് ലാവലിൻ കേസിലെ ഫയലുകൾ നഷ്ടപ്പെടുന്നത്. അതിൽ സി.എം.രവീന്ദ്രന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും നളിനി നെറ്റോ രാജി വച്ചതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്‌തതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും മുഖ്യമന്ത്രിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം സമയനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.