തിരുവനന്തപുരം: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിന് രാഹുല്‍ ഗാന്ധി നേതൃനിരയിലേക്ക് വരണം. പ്രതിപക്ഷ നിരയെ ശക്തമായി മുന്നോട്ട് കൊണ്ട് പോകേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യമാണ്.
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനെ നേരിടാൻ ശക്തമായ നേതൃനിര വേണം. ജനപ്രതിനിധികളടക്കമുള്ള നേതാക്കൾ പാർട്ടി വിട്ട് പോകുന്നത് തടയാനും രാഹുൽ ഗാന്ധി വരേണ്ടത് അത്യാവശ്യമാണെന്നും ചെന്നിത്തല കത്തിൽ സൂചിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്.