തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്‌പാഞ്ജലി സ്വാമിയാര്‍ നടത്തുന്ന സമരത്തില്‍ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ അവകാശങ്ങൾക്ക് വേണ്ടി സ്വാമി നടത്തുന്ന ഉപവാസം കണ്ടില്ലെന്ന് നടിക്കാനാവില്ല. സ്വാമിക്ക് പൂജാ കര്‍മങ്ങൾക്ക് നടത്താൻ തടസം ഉണ്ടാകരുത്. പൂജകൾ നടത്താൻ വേണ്ട നടപടി ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മഠത്തിൽ എത്തി പുഷ്പാഞ്ജലി സ്വാമിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട മുഞ്ചിറ മഠത്തിന്റെ ഉടമസ്ഥവകാശം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് മഠാധിപതി പരമേശ്വര ബ്രഹ്മാനന്ദതീര്‍ഥ പുഷ്‌പാഞ്ജലി സ്വാമിയാര്‍ നിരാഹാര സമരം നടത്തുന്നത്.