തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യവിവരാവാകാശ കമ്മിഷണര്‍ ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിയോജന കുറിപ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസ് മേത്തയുടെ നിയമനത്തെ എതിര്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. വിശ്വാസ് മേത്തയെ നിയമിക്കാനുള്ള തീരുമാനം ഐകകണ്‌ഠേനയാണെന്ന് പറയുന്നത് ശരിയല്ല. സാങ്കേതിക പ്രശ്‌നം കാരണം തനിക്ക് യോഗത്തില്‍ അഭിപ്രായം പറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെയാണ് വിശ്വാസ് മേത്തയെ മുഖ്യവിവരാവാകാശ കമ്മിഷണര്‍ ആക്കാന്‍ തീരുമാനിച്ചത്. ഈ മാസം 28 വിരമിക്കാനിരിക്കെയാണ് ചീഫ് സെക്രട്ടറിക്ക് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, നിയമ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മുഖ്യവിവരാവാകാശ കമ്മിഷണറെ നിയമിക്കുന്നത്. ഇതില്‍ പ്രതിപക്ഷ നേതാവ് എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തില്‍ വിശ്വാസ് മേത്തയുടെ നിയമനം അനിശ്ചിതത്വത്തിലാകും.