തിരുവനന്തപുരം: കിഫ്ബിക്കെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. കിഫ്‌ബിയുമായി ബന്ധപ്പെട്ട് യാതൊരുവിധ അഴിമതിയും ഇല്ലെന്ന് ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞെങ്കിലും പ്രതിപക്ഷനേതാവ് ഇതിനെ എതിർത്തു.
ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ അഴിമതി ഉണ്ടെന്നകാര്യം നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും വിഷയം ഇപ്പോൾ ലോകായുക്തയുടെ പരിഗണനയിലാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കൊച്ചി ക്യാൻസർ സെൻ്ററിലെ കെട്ടിട നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ചും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ഒന്നും ശരിയല്ല എന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതിനായി മേൽനോട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കിഫ്‌ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുകയാണ്. ഒരു ഭരണഘടന സ്ഥാപനവും ചെയ്യാൻ പാടില്ലാത്തതാണ് സിഎജി ചെയ്‌തത്. സർക്കാരുമായി ചർച്ച ചെയ്യാത്ത വിവരങ്ങൾ സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ ചേർത്തു. കിഫ്ബി വിജയിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു നീക്കമെന്നും ധനമന്ത്രി വ്യക്തമാക്കി. കിഫ്ബി സർക്കാരിൽ ഒരു ബാധ്യതയും ഉണ്ടാക്കില്ലെന്നും ധനമന്ത്രി സഭയിൽ വ്യക്തമാക്കി.