തിരുവനന്തപുരം : കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഠനത്തിനുളള ടെണ്ടര്‍ നടപടി അവസാനഘട്ടത്തിലാണ്. 63941 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് 1383 ഹെക്‌ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും.
പുനരധിവാസത്തിന് ഉള്‍പ്പടെയാണ് ഇത്രയും ഭൂമി ഏറ്റെടുക്കേണ്ടി വരിക. ഇതില്‍ 1198 ഹെക്‌ടര്‍ സ്വകാര്യ ഭൂമിയാണെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
സ്ഥലം ഏറ്റെടുക്കാൻ ചെലവ് 13,362 കോടി രൂപ
സ്ഥലം ഏറ്റെടുക്കുന്നതിന് 13,362 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു ഹെക്‌ടറിന് 9 കോടി രൂപ നഷ്‌ട പരിഹാരം നല്‍കും. 9314 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരും. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാകും പദ്ധതിയുടെ അലൈന്‍മെന്‍റ് തയാറാക്കുക.
ആരാധനാലയങ്ങളേയും പാടങ്ങളേയും പദ്ധതി ബാധിക്കില്ല. പാടശേഖരങ്ങള്‍ക്ക് മുകളില്‍ 88 കിലോമീറ്റര്‍ ആകാശപാത ഉണ്ടാക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പബ്‌ളിക്ക് ഹിയറിങ്ങ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാധ്യതാപഠന റിപ്പോര്‍ട്ടിന് റെയില്‍വേ ബോര്‍ഡിന്‍റെ അംഗീകാരം
പദ്ധതി സംബന്ധിച്ച് പാരിസ്ഥിതികാഘാത പഠനം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രമായ സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റ് ഡെവലപ്പ്‌മെന്‍റ് സ്റ്റഡീസാണ് പഠനം നടത്തിയത്. ഇതിന്‍റെ റിപ്പോര്‍ട്ട് കെ റെയിലിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി സംബന്ധിച്ച് സാധ്യതാപഠനവും നടത്തിയിട്ടുണ്ടെന്നും അതിന് റെയില്‍വേ ബോര്‍ഡിന്‍റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സാമൂഹികാഘാത പഠനത്തിന് ശേഷം ഭൂമി ഏറ്റെടുക്കൽ
കേന്ദ്ര ധനകാര്യ മന്ത്രാലയവും പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ല. റെയില്‍വേ ബോര്‍ഡും ഭൂമിഏറ്റെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹികാഘാത പഠനം കൂടി നടത്തിയശേഷം മാത്രമേ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം-കാസര്‍കോട് സെമി സ്‌പീഡ് പദ്ധതിയായ കെ റെയില്‍ പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ സ്വപ്‌ന പദ്ധതിയാണ്.
Also Read: ക്യാമ്പസ് വര്‍ഗീയത; സിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി