തിരുവനന്തപുരം: വിലക്കയറ്റം കാര്യമായി ബാധിക്കാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാറിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 'കുട്ടികളിലെ പോഷകാഹാര കുറവും പ്രശ്‌നങ്ങളും പരിഹാര സാധ്യതകളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ കാര്യക്ഷമമായ ഇടപെടലുകൾ നടത്തി. കഴിഞ്ഞ ആറര വർഷത്തെ കണക്ക് പരിശോധിച്ചാൽ പതിനായിരം കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്താൻ ചെലവഴിച്ചത്. കുട്ടികളുടെ പോഷകാഹാരം ഗൗരവമുള്ള വിഷയമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
'സുസ്ഥിര വികസനത്തിന് ഭക്ഷ്യ ഭദ്രത പ്രധാനമാണ്. ശൈശവാവസ്ഥയിലെ പോഷകാഹാര ലഭ്യതയിൽ കേരളം മുന്നിലാണ്. സൂചികകളിൽ മുന്നിട്ട് നിൽക്കുമ്പോഴും ഇനിയും മുന്നേറണമെന്ന് ബോധ്യമുണ്ട്'.
ഭക്ഷണം കഴിക്കായ്‌മയല്ല, ശരിക്കുള്ള ഭക്ഷണം കഴിക്കായ്‌മയാണ് പ്രശ്‌നം. ശിശു സൗഹൃദ സംസ്ഥാനം തീർക്കുകയാണ് സർക്കാർ ലക്ഷ്യം. പൊതുവിതരണ സംവിധാനം കേരളത്തിൽ ശക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.