തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ്(Titanium Job Scam) കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌ത വിവിധ കേസുകളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസ് രജിസ്റ്റര്‍ ചെയ്‌ത 15 കേസുകളില്‍ 4 കേസുകളുടെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസിലെ പ്രധാന പ്രതിയും ടൈറ്റാനിയം കമ്പനിയിലെ ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറുമായ ശശികുമാരന്‍ തമ്പി അടക്കം 5 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 406, 419, 420 എന്നീ വകുപ്പുകളായ വഞ്ചന, വിശ്വാസ ലംഘനം, തെറ്റായ തെളിവുകൾ ഉപയോഗിക്കൽ, എന്നീ ജാമ്യമില്ല വകുപ്പുകള്‍ ചേർത്താണ് കുറ്റപത്രം. 83 സാക്ഷികളുള്ള കേസില്‍ 128 തൊണ്ടി മുതലുകളും 35 രേഖകളുമാണുള്ളത്.
ടൈറ്റാനിയം കമ്പനിയിലെ ലീഗല്‍ ഡെപ്യൂട്ടി ജനറൽ മാനേജരായ അഞ്ചാം പ്രതി ശശികുമാരൻ തമ്പി 2018 ഒക്ടോബർ 10 മുതൽ 2019 ജൂൺ 13 വരെയുള്ള കാലഘട്ടത്തിൽ എച്ച് ആര്‍ മാനേജരായി അധിക ചുമതല വഹിച്ചിരുന്നു. ഈ സമയത്ത് 2019 ഏപ്രിൽ 22 ന് ടൈറ്റാനിയം കമ്പനിയിൽ രണ്ട് അസിസ്റ്റന്‍റ് കെമിസ്റ്റ് തസ്‌തികയിൽ ഒഴിവുകൾ വന്നു. ഈ ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യാതെ കാലതാമസം വരുത്തി.
മാത്രമല്ല ശശികുമാര്‍ തമ്പി തന്‍റെ സുഹൃത്തായ ശ്യാംലാലുമായി വിഷയത്തില്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തു. ശ്യാംലാലും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ്. ഗൂഢാലോചനകള്‍ക്ക് പിന്നാലെ 2018 ഡിസംബര്‍ 23ന് ജോലി ഒഴിവുകളുണ്ടെന്ന് കാണിച്ച് സ്വന്തം ഫേസ് ബുക്കിലൂടെ ശശികുമാരന്‍ തമ്പി പരസ്യം ചെയ്‌തു. പരസ്യം കണ്ടെത്തിയവരില്‍ നിന്നും 10 ലക്ഷം രൂപ നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
പണം വാഗ്‌ദാനം ചെയ്‌ത് ജോലി തട്ടിപ്പ്: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ കഴിഞ്ഞ ഫെബ്രുവരി 25നാണ് മുഖ്യ പ്രതിയായ ശശികുമാരന്‍ തമ്പി പിടിയിലായത്. കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെത്തിയ ഇയാള്‍ കീഴടങ്ങുകയായിരുന്നു. മ്യൂസിയം, കന്‍റോണ്‍മെന്‍റ്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിലായി 15 കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പൊലീസില്‍ കീഴടങ്ങിയ ഇയാള്‍ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു പറഞ്ഞത്. ജോലി വാഗ്‌ദാനം ചെയ്‌ത് താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു ശശികുമാരന്‍ തമ്പിയുടെ വാദം.