തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വാദം പറയുന്നത് കോടതി ജൂലൈയിലേയ്ക്ക് മാറ്റി. സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേസ് നടപടി കോടതി മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ALSO READ: ഭക്ഷ്യകിറ്റിന്‍റെ മുഴുവൻ ചെലവ് വഹിക്കുന്നത് സംസ്ഥാന സർക്കാരെന്ന് ഭക്ഷ്യമന്ത്രി
2015 മാർച്ച് 13 ന് കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ എംഎൽഎമാരായിരുന്ന കെ.ടി.ജലീൽ അടക്കമുള്ള ആറ് പേരായിരുന്നു നിയമസഭയ്ക്കുളിൽ രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയത്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി,മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ ആറു പ്രതികൾ. സ്‌പീക്കറുടെ കസേര,എമർജൻസി ലാംബ്,മൈക്ക് യൂണിറ്റുകൾ,ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ,ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചത് കാരണം രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കേസ്.