തിരുവനന്തപുരം : ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ എക്‌പ്രസ് അതേരീതിയിൽ തന്നെ നിലനിർത്താൻ സി.എം.ഡിയുടെ നിർദ്ദേശം. അന്തർ സംസ്ഥാന സർവീസ് സൂപ്പർ ഡീലക്സ് ആയി ഉയർത്തുന്നതിന് കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റിന്‍റെ ഭാഗമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാൽ ഈ ബസിലെ ഡ്രൈവർ പൊന്നുക്കുട്ടൻ അടക്കം ജീവനക്കാർ ബസിനെ അത്രമേല്‍ സ്നേഹിക്കുന്നതായും മാതൃകാപരമായ സർവീസ് നടത്തുന്നതായും ശ്രദ്ധയിൽപ്പെടുകയും ധാരാളം യാത്രക്കാർ ഈ സർവീസിനെ ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഇതോടെയാണ് ചങ്ങനാശ്ശേരി - വേളാങ്കണ്ണി സർവീസ് തുടർന്നും സൂപ്പർ എക്‌സ്പ്രസ് സർവീസ് ആയി നടത്തുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചത്.
Also Read: കെ സ്വിഫ്റ്റ് അപകടം : ഡ്രൈവർമാരെ ജോലിയില്‍ നിന്ന് നീക്കി
നേരത്തെ സർവീസ് നിർത്താൻ തീരുമാനിച്ചപ്പോൾ ബസ് ഡ്രൈവറായ നെന്മാറ സ്വദേശി പൊന്നുക്കുട്ടൻ ബസിനെ കെട്ടിപ്പിടിച്ച് വികാരനിർഭരമായ യാത്രയയപ്പ് നൽകിയത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദീർഘദൂര സർവീസുകൾ നടത്തുന്ന സൂപ്പർ ക്ലാസ് ബസുകൾ 5 വർഷം കഴിഞ്ഞാൽ മാറ്റണമെന്നായിരുന്നു നിയമം. എന്നാൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ബസുകളുടെ കുറവ് കാരണം അത് ഏഴ് വർഷമായി വർധിപ്പിച്ചിരുന്നു.
ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവീസ്, കാലപ്പഴക്കം, സർവീസിൻ്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകൾക്ക് പകരം കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റിൻ്റെ പുതിയ ബസുകൾ നൽകുന്നത്. ഇത്തരത്തിൽ പ്രാധാന്യം നൽകിയാണ് അഞ്ച് വർഷവും മൂന്ന് മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി - വേളാങ്കണ്ണി സൂപ്പർ എക്‌സ്പ്രസ് ബസ് സർവീസ് ഡീലക്സ് ആയി അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചത്.