തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബർ 22 വരെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് എറണാകുളം ജില്ലയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു (Kerala weather updates).
ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ, 0.6 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം (Heavy Rain till Dec 22).
കൂടാതെ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണെന്നും കാലാവസ്ഥ വകുപ്പ് വിശദീകരിച്ചു (Directions From Meteorological Department).