തിരുവനന്തപുരം: ലോക്ക് ഡൗൺ ഒരു മാസം പിന്നിട്ടിട്ടും പച്ചക്കറി വിലയിൽ മാറ്റമില്ലാതെ ചാല മാർക്കറ്റ്. വെളുത്തുള്ളിയുടെ വില 160 രൂപയിൽ നിന്നും 110 രൂപയിലേക്ക് കുറഞ്ഞു. സവാളയ്ക്ക് 25 രൂപയും ചെറിയ ഉള്ളിക്ക് 60 രൂപയുമാണ് വില.
തമിഴ്‌നാട്ടിലെ പുളിയംകുടിയിൽ നിന്നും ചരക്കു വാഹനങ്ങളെത്താത്തതിനാൽ നാരങ്ങയ്ക്കും ബീൻസിനും മാത്രമാണ് വില വർധിച്ചത്. ഒട്ടുമിക്ക പച്ചക്കറികളുടെയും വില കുറഞ്ഞു. ലോക്ക് ഡൗണിന്‍റെ ആദ്യഘട്ടത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ചരക്കുലോറികളെത്താൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അപ്പോൾ മാത്രമാണ് ചില പച്ചക്കറികളുടെ വിലയിൽ മാറ്റമുണ്ടായത്. ചരക്കുലോറികൾ ഇപ്പോൾ ധാരാളമെത്തുന്നതിനാൽ പച്ചക്കറികൾ ആവശ്യത്തിനുണ്ട്.
ലോക്ക് ഡൗണിന് ഇളവുണ്ടെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വ്യാപാരം കുറവാണ്. വാങ്ങാനാളില്ലാത്തതിനാൽ സംഭരിച്ച പച്ചക്കറികൾ നശിക്കുന്നതും വ്യാപാരികളെ ആശങ്കയിലാക്കുന്നു.