കണ്ണൂർ: തളിപ്പറമ്പ് നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ നോക്കുകുത്തിയായിട്ട് മാസങ്ങൾ പിന്നിട്ടു. ഇതോടെ അടുത്തിടെ നഗരത്തിൽ നടന്ന തീവെപ്പിലും, മോഷണങ്ങളിലും തട്ടിപ്പുകളിലും യാതൊരു തുമ്പുമുണ്ടാക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് പൊലീസുകാർ. നഗരസഭ സ്ഥാപിച്ച ക്യാമറകളുടെ കൺട്രോൾ റൂമിന്‍റെ നിയന്ത്രണങ്ങളെ ചൊല്ലി ഇപ്പോൾ നഗരസഭാ അധികൃതരിൽ ഉണ്ടായ വിയോജിപ്പാണ് ക്യാമറയുടെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിയാത്തതിന് കാരണം.
മാലിന്യ നിക്ഷേപം തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ലക്ഷങ്ങൾ ചെലവഴിച്ച് നഗരസഭയുടെ കഴിഞ്ഞ ഭരണ സമിതി 15 ഓളം കേന്ദ്രങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാൽ മാസങ്ങളായിട്ടും ക്യാമറയുടെ പ്രവർത്തനം തുടങ്ങിയിട്ടില്ല. സിസിടിവി ക്യാമറകളുടെ നിയന്ത്രണം പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചതിനെതിരെ നഗരസഭാ സെക്രട്ടറി അവസാന ഘട്ടത്തിൽ ഉയർത്തിയ വിയോജിപ്പുകൾ കാരണമാണ് ക്യാമറകളുടെ പ്രവർത്തനം വൈകുന്നത്. നഗരസഭ ഓഫീസില്‍തന്നെ ക്യാമറകളുടെ നിയന്ത്രണമുണ്ടാകണമെന്നാണ് സെക്രട്ടറിയുടെ വാദം.
കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭാ പരിധിയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിരവധി മോഷണങ്ങളും തട്ടിപ്പുകളുമാണ് നടന്നത്. കൂടാതെ കോടതിക്ക് സമീപത്തെ വ്യാപാരിയുടെ 18 ലക്ഷത്തോളം വിലയുള്ള കാർ തീവെച്ച് നശിപ്പിക്കുകയും ചെയ്‌തു. കൂടി വരുന്ന മോഷണങ്ങളുടെ സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ഡിവൈഎസ്‌പി, നഗരസഭാ ചെയർപേഴ്‌സൺ എന്നിവർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് കൺട്രോൾ റൂം പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച് ക്യാമറ സംവിധാനം പുനഃസ്ഥാപിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.