തൃശ്ശൂര്‍: വെടിയുണ്ടകള്‍ കാണാതായ സംഭവമുള്‍പ്പടെയുള്ള പൊലീസിലെ അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിലെ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുള്ളതായി സംശയിക്കുന്നുവെന്നും ചെന്നിത്തല. ഡിസിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ ദുരിതാശ്വാസ തുക സിപിഎം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും മാത്രമായി നല്‍കുന്നതില്‍ സമഗ്ര അന്വേഷണം വേണം.
റീ ബില്‍ഡ് കേരളക്കായി മാറ്റിവെച്ച തുക വകമാറ്റി ചെലവഴിക്കുന്നു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ 1.70 കോടി രൂപക്ക് ഹെലിക്കോപ്‌ടര്‍ വാടകക്കെടുക്കുന്നു. സര്‍ക്കാരിന്‍റെ തിയേറ്റര്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നു. ജയിലില്‍ തടവുകാര്‍ ജോലിചെയ്തവകയില്‍ നാല് മാസത്തെ ശമ്പളം നല്‍കിയിട്ടില്ല. 50,000 രൂപയുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ മാറ്റിനല്‍കുന്നില്ല. നാളെ നടക്കുന്ന ലൈഫ് പദ്ധതിയുടെ സംഗമത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.