തിരുവനന്തപുരം : കളമശ്ശേരി സ്‌ഫോടനത്തിന്‍റെ (Kalamassery blast) പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പ്രേരണാപരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് 54 കേസുകൾ രജിസ്റ്റർ ചെയ്‌തതായി പൊലീസ് (Cases registered for spreading hatred).
മലപ്പുറം ജില്ലയില്‍ 26 കേസുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 15 കേസുകള്‍ എറണാകുളത്തും അഞ്ച് എണ്ണം തിരുവനന്തപുരത്തും, തൃശൂർ സിറ്റിയിലും കോട്ടയത്തും രണ്ടും, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
വർഗീയ വിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ ഷെയർ ചെയ്യാൻ ഉപയോഗിക്കുന്ന നിരവധി വ്യാജ പ്രൊഫൈലുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പ്രസ്‌താവനയിൽ പറഞ്ഞു. ഇത്തരം വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയുന്നതിനായി സംസ്ഥാനത്തെ സൈബർ സെൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.
കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ഒക്‌ടോബർ 29 നാണ് സ്‌ഫോടനം നടന്നത്. ടിഫിൻ ബോക്‌സ് ബോംബ് പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. അപകടത്തിൽ മൂന്ന് മരണവും നിരവധി പേർക്ക് പരിക്കുകളും റിപ്പോർട്ട് ചെയ്‌തിരുന്നു.
കേന്ദ്ര മന്ത്രിയ്‌ക്കെതിരെ കേസ് : സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. കോൺഗ്രസ് നേതാവ് പി സരിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സൈബർ സെൽ എസ് ഐയുടെ പരാതിയിൽ ചന്ദ്രശേഖറിനെതിരെ നേരത്തെ കേസെടുത്തിട്ടുള്ളതാണ്. കളമശ്ശേരി സ്‌ഫോടന പശ്ചാത്തലത്തില്‍ മതസ്‌പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്നതാണ് കേന്ദ്ര മന്ത്രിക്കെതിരായ ആരോപണം. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനില്‍ ഈയിടെയുണ്ടായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന്, മതസൗഹാർദ അന്തരീക്ഷം തകർത്ത് കേരളത്തിൽ ലഹള ഉണ്ടാക്കണം എന്നുള്ള കരുതലോടും ഉദ്ദേശത്തോടും കൂടിയായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പ്രവർത്തനം എന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.
ഫേസ്‌ബുക്കിൽ വിദ്വേഷ പ്രചരണം : കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടർന്ന് ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചരണം നടത്തിയയാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴഞ്ചേരി തെക്കേമല സ്വദേശി റിവ തോളൂർ ഫിലിപ്പ് ആണ് അറസ്റ്റിലായത്. പ്രത്യേക സംഘടനയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് കളമശ്ശേരി യഹോവ സാക്ഷികളുടെ പള്ളിയിൽ ബോംബ് വച്ചുവെന്നും, ഒരാൾ മരിച്ചു, നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു എന്നുമായിരുന്നു ഫേസ്ബുക്ക് സന്ദേശത്തിന്‍റെ ഉള്ളടക്കം.
സാമൂഹ്യ മാധ്യമത്തിലൂടെ വിദ്വേഷമുണ്ടാക്കാനും, സംഘടനയെ മോശമായി ചിത്രീകരിക്കാനും, കലാപമുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് സംഘടനയുടെ ഭാരവാഹി ജില്ല പൊലീസ് മേധാവിയ്‌ക്ക് നൽകിയ പരാതി, പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്‌ടര്‍ക്ക് അയച്ചുകൊടുത്തശേഷം അനന്തര നിയമനടപടിക്ക് നിർദേശിക്കുകയായിരുന്നു.