തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 24 പേർക്കെതിരെ കേസെടുത്തതായി തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു. മാസ്ക് ധരിക്കാത്ത 85 പേരിൽ നിന്നും സാമൂഹ്യ അകലം പാലിക്കാത്ത 10 പേരിൽ നിന്നുമായി 19,000 രൂപ പിഴ ഈടാക്കി. സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത നാല് വാഹനങ്ങൾക്കെതിരേയും നിയമ നടപടി സ്വീകരിച്ചു.
രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓഫീസുകളിലും തൊഴിൽ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ സാമൂഹ്യ അകലം പാലിക്കണമെന്നും പരസ്പര സമ്പർക്കം കുറയ്ക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു. പരസ്പരം ആഹാരസാധനങ്ങൾ പങ്കുവയ്ക്കുന്നതും കൂട്ടംചേർന്ന് ആഹാരസാധനങ്ങൾ കഴിക്കുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കൊവിഡ് ലക്ഷണങ്ങൾ കാണുന്നവർ മറ്റുള്ളവരിൽ നിന്ന് നിർബന്ധമായി അകലം പാലിക്കുകയും യഥാസമയം പരിശോധന നടത്തുകയും വേണം. ഓഫീസുകളും പൊതുസ്ഥാപനങ്ങളും ശുചീകരണം നടത്തി നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കണം. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ കണ്ടെയ്ൻമെൻ്റ് സോണുകളിൽ അതിർത്തികൾ അടച്ച് പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.