തിരുവനന്തപുരം: വിതുര ചേന്നൻപാറയില്‍ ഭാര്യ പിതാവിനെ ഇരുമ്പ് കത്രിക കൊണ്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വിചാരണ ഇന്ന് ആരംഭിക്കും. വസന്തവിലാസം വീട്ടിൽ സുന്ദരനെ(60) മകളുടെ ഭര്‍ത്താവ് വിനോദ് എന്നു വിളിക്കുന്ന രാഗേഷ്(35) കൊലപ്പെടുത്തിയെന്നാണ് കേസ്. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് ജഡ്‌ജി കെ.എൻ.അജിത്കുമാർ മുമ്പാകെയാണ് വിചാരണ ആരംഭിക്കുക.
2017 നവംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതി രാഗേഷും ഭാര്യ പ്രിയയും മരണപ്പെട്ട സുന്ദരന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്. മകളെ രാഗേഷ് നിരന്തരമായി ഉപദ്രവിക്കുന്നത് സുന്ദരൻ ചോദ്യം ചെയ്യുമായിരുന്നു. കൃത്യ ദിവസം ഉച്ചയോട് കൂടി വീട്ടിലെത്തിയ പ്രതി ആഹാരം വിളമ്പാൻ ഭാര്യ പ്രിയയോട് ആവശ്യപ്പെട്ടിരുന്നു.
ഭക്ഷണം വിളമ്പാൻ വൈകിയതിൽ പ്രതി ഭാര്യയെ ചീത്തവിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത് മരണപ്പെട്ട സുന്ദരൻ തടസപ്പെടുത്തി. തുടര്‍ന്ന് സുന്ദരനുമായി പ്രതി വാക്കേറ്റത്തിലേര്‍പ്പെടുകയും തന്‍റെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുന്ദരന്‍റെ ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.
വീട്ടുകാരുടെ നിലവിളിയെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഓടി രക്ഷപ്പെട്ട പ്രതകിയെ മൂന്നാം ദിവസം വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ട സുന്ദരന്‍റെ ഭാര്യ വസന്ത, മകൾ പ്രിയ, മകൻ പ്രദീപ് എന്നിവർ കേസിലെ ഒന്ന് മുതൽ മൂന്ന് വരെ സാക്ഷികളാണ്.
also read: 'ഇനി അന്വേഷിക്കേണ്ട', കത്തെഴുതി വച്ച് ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങിയ ഭര്‍ത്താവ് പിടിയില്‍
എന്നാല്‍ മകൻ പ്രദീപ് 2020ൽ മരണപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരാകും. വിതുര പൊലീസ് സർക്കിൾ ഇൻസ്പക്ടറായിരുന്ന കെ.ബി. മനോജ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.