തിരുവനന്തപുരം: പൊതു പ്രവര്‍ത്തകനും സര്‍ക്കാര്‍ ജീവനക്കാരനുമായ ടി എസ് ആശിഷിനെ ഭീഷണിപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർക്കും മൂന്ന് സബ് ഇൻസ്‌പെക്‌ടർക്കുമെതിരെ കേസെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ ജെ രാകേഷ്, സബ് ഇന്‍സ്‌പെക്‌ടർമാരായ സന്തോഷ് കുമാർ എസ്, ദിനേശ് ഡി ഒ, അരുൺ കുമാർ എന്നിവർക്കെതിരെയാണ് കോടതി നേരിട്ട് കേസ് എടുത്തത്.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ടിന്‍റേതാണ് ഉത്തരവ്. പരാതിക്കാരന്‍റെയും ദൃക്‌സാക്ഷികളുടെയും ഡോക്‌ടറുടെയും മൊഴിയെടുത്ത ശേഷമാണ് കോടതി സംഭവത്തിൽ നേരിട്ട് കേസെടുത്തത്. നാല് പ്രതികളും സെപ്‌റ്റംബർ മൂന്നിന് ഹാജരാകണമെന്നും മജിസ്‌ട്രേറ്റ് പി അരുണ്‍ കുമാർ ഉത്തരവിട്ടു.
പൊതുപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർക്കെതിരെ ആശിഷ് വിവിധ അധികാര സ്ഥാപനങ്ങളില്‍ പരാതികള്‍ നല്‍കിയിരുന്നു. ഇതിലുണ്ടായ വിരോധത്തിന്‍റെ പുറത്ത് സർക്കിൾ ഇൻസ്‌പെക്‌ടർ ജെ രാകേഷ് ആശിഷിനെതിരെ അന്യായമായി കാപ്പ നിയമപ്രകാരം കുറ്റം ചുമത്തുകയായിരുന്നു.
എന്നാല്‍ കാപ്പ നിയമ പ്രകാരം ഗുണ്ടയായി പ്രഖ്യാപിക്കപ്പെടേണ്ട ആളല്ല താന്‍ എന്നും തനിക്കെതിരെ ഫോര്‍ട്ട് സിഐ വ്യക്തി വൈരാഗ്യം കാണിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് ആശിഷ് കോടതിയിൽ അപ്പീല്‍ ഫയല്‍ ചെയ്‌തു. വിശദമായ വാദം കേള്‍ക്കലിന് ശേഷം പൊലീസുകാര്‍ക്കെതിരെ ആശിഷ് മുന്നോട്ട് വച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ജസ്റ്റിസ് ജി ശിവരാജന്‍ അധ്യക്ഷനായ കാപ്പ അഡ്വൈസറി ബോർഡ് കണ്ടെത്തുകയും ചെയ്‌തു.
തുടർന്ന് കാപ്പ നിയമപ്രകാരം പൊലീസ് കള്ള പരാതി രജിസ്റ്റര്‍ ചെയ്‌തതിനാൽ തനിക്ക് സമൂഹത്തില്‍ മാനഹാനി ഉണ്ടായി എന്ന് ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ ജെ രാകേഷിനെതിരെ ആശിഷ് മാനനഷ്‌ടത്തിന് കേസ് നല്‍കി. എന്നാൽ ഇതിന് പിന്നാലെ കള്ളക്കേസിൽ കുരുക്കി ആശിഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സുലൈമാന്‍ എന്ന വ്യക്തിയില്‍ നിന്നാണ് പൊലീസ് വ്യാജ പരാതി എഴുതി വാങ്ങിയത്. തുടർന്ന് 2022 ഓഗസ്റ്റ് 25ന് ആശിഷിനെ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ട് പോവുകയായിരുന്നു. സിഐക്കെതിരെ നല്‍കിയ ഹര്‍ജികള്‍ എല്ലാം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പൊലീസ് അല്ലാത്ത പക്ഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തുവെന്നും ആശിഷ് പറയുന്നു.
തുടർന്ന് ഇക്കാര്യങ്ങള്‍ വിശദമാക്കി തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആശിഷ് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതി ഫോര്‍ട്ട് സിഐക്കും മൂന്നു എസ്‌ഐമാര്‍ക്കും എതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.