തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമർശം ഉന്നയിച്ചതിന് കെ മുരളീധരൻ എംപിക്കെതിരെ കേസ്. തന്‍റെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മേയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.
READ MORE: വിവാദ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതിപ്പെട്ട് ആര്യ രാജേന്ദ്രന്‍ ; ഖേദം പ്രകടിപ്പിച്ച് കെ.മുരളീധരന്‍
കോർപ്പറേഷനിലെ നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരൻ മേയർക്കെതിരെ വിവാദ പരാമർശം നടത്തിയത്. ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം.
നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നടപടി. പരാമർശത്തിനെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആര്യ രാജേന്ദ്രൻ നിയമ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത്.