തിരുവനന്തപുരം: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ യൂട്യൂബ് ബ്ലോഗറെ കൈയ്യേറ്റം ചെയ്‌ത സംഭവത്തിൽ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്‌മിക്കെതിരെ മോഷണക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. വീട് കയറി ആക്രമിച്ച് മൊബൈൽ ഫോൺ, ലാപ്പ് ടോപ്പ് എന്നിവ അപഹരിച്ചെന്ന വിജയ് പി നായരുടെ പരാതിയിലാണ് തമ്പാനൂർ പൊലീസ് കേസ് എടുത്തത്. ഭാഗ്യലക്ഷ്‌മി, ദിയ സന എന്നിവരടക്കം മൂന്ന് പേർക്കെതിരെയാണ് കേസ്. ദേഹോപദ്രവം ഏൽപ്പിക്കൽ, അസഭ്യം പറയൽ എന്നി വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇന്നലെ വൈകീട്ടാണ് യുട്യൂബ് വീഡിയോയിലൂടെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ വിജയ് പി നായരെ താമസ സ്ഥലത്ത് എത്തി ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവർ കരി ഒയിൽ ഒഴിച്ചതും കൈകാര്യം ചെയ്തതും. ഇതിനു പിന്നാലെ ഭാഗ്യലക്ഷ്മിയുടെ പരാതിയിയിൽ സ്‌ത്രീകളെ അപമാനിച്ചതിന് വിജയ് പി നായർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. ആദ്യം പരാതിയില്ല എന്ന് പറഞ്ഞ വിജയ് പി നായർ ഇന്നലെ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു.