തിരുവനന്തപുരം : വരയിലൂടെയും എഴുത്തിലൂടെയും ഏഴുപതാണ്ടിലേറെയായി മലയാളത്തിന് ചിരിമധുരം പകർന്ന കാർട്ടൂണിസ്‌റ്റ് സുകുമാർ (Cartoonist Sukumar) (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ ജനിച്ച സുകുമാറിന്‍റെ ശരിയായ പേര് എസ് സുകുമാരൻ പോറ്റി എന്നാണ്.
1950ൽ വികടനിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. 1957ൽ പൊലീസ് വകുപ്പിൽ ജോലിക്ക് കയറി. 1987ൽ വിരമിച്ച ശേഷം മുഴുവൻ സമയ എഴുത്തും വരയും തുടര്‍ന്നു. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസ്യഗ്രന്ഥങ്ങൾ സുകുമാറിന്‍റേതായുണ്ട്.
നർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും സ്ഥാപക നേതാവാണ്. ഹാസ്യമൊഴികളോടെ 12 മണിക്കൂർ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു. കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ സാവിത്രി, മകൾ: സുമംഗല.