തിരുവനന്തപുരം: രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമയിൽ വീണ്ടും ഒരു കാർഗിൽ വിജയ് ദിനം. 1999ലെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച് രാജ്യത്തിന്‍റെ അഭിമാനമായ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ക്യാപ്റ്റൻ ജെറി പ്രേം രാജിന്‍റെ ഓർമകൾക്ക് ഇന്നും മരണമില്ല. സർക്കാരുദ്യോഗസ്ഥരായിരുന്ന രത്ന രാജിന്‍റെയും ചെല്ലത്തായിയുടെയും മകനായ ജെറി പ്രേം രാജിന്‍റെ സ്വപ്നമായിരുന്നു സൈനിക സേവനം. 17-ാം വയസിൽ എയർ ഫോഴ്‌സിൽ ജോലി നേടി. ഏഴ് വർഷം എയർ ഫോഴ്‌സിൽ സേവനമനുഷ്ഠിച്ച ജെറിയുടെ സ്വപ്നങ്ങൾ അവിടെ അവസാനിച്ചിരുന്നില്ല. ഇന്ത്യൻ മിലിറ്ററിയിൽ ഓഫീസറാകുകയെന്ന ആഗ്രഹവും നേടിയെടുത്തു. ഒരു കൊല്ലത്തെ ട്രെയിനിങ്ങിനു ശേഷം മീററ്റിൽ ആദ്യ പോസ്‌റ്റിങ്.
കല്യാണ അവധിയ്ക്ക് നാട്ടിലെത്തിയ ജെറിയുടെ മധുവിധു നാളുകളിലാണ് തിരികെ അടിയന്തരമായി ഡ്യൂട്ടിയിൽ പ്രവേശിക്കാനുള്ള നിർദേശം ലഭിക്കുന്നത്. 1999 ജൂൺ 3ന് യാത്ര പറഞ്ഞ് മടങ്ങിയ ജെറി നേരെ എത്തിയത് കാർഗിൽ മഞ്ഞു മടക്കിലെ യുദ്ധഭൂമിയിലേയ്ക്ക്. അന്ന് ആശ്വാസ വാക്കുകൾ നിറച്ച് ജെറിയെഴുതിയ കത്തുകൾ ഓർത്താൽ ഇന്നും അമ്മയുടെ കണ്ണുകൾ നിറയും. ജെറിയുടെ മരണവാർത്ത എത്തുന്നതിന് കൃത്യം രണ്ട് ദിവസം മുൻപായിരുന്നു ജെറി എഴുത്തിയ കത്ത് മാതാപിതാക്കൾക്ക് ലഭിക്കുന്നത്. ഇങ്ങനെയായിരുന്നു ഇതിലെ വരികൾ. "അപ്പയും അമ്മയും എന്നെക്കുറിച്ച് ഓർത്ത് വിഷമിക്കരുത്, അഭിമാനിക്കണം ശത്രുക്കളെ തുരത്തി ഞാൻ മടങ്ങിയെത്തും".
ജെറിയുടെ വീരമൃത്യുവിന് 19 ദിവസങ്ങൾക്കു ശേഷം ജൂലൈ 26ന് ഇന്ത്യൻ സേന പാകിസ്ഥാനു മേൽ സമ്പൂർണ വിജയം നേടി കാർഗിൽ കുന്നിൽ മൂവർണ കൊടി പാറിച്ചു. ഇപ്പോഴും കടന്നാക്രമണങ്ങൾക്ക് അവസരം നോക്കിയിരിക്കുന്ന അയൽ രാജ്യങ്ങളായ ചൈനയ്ക്കും, പാകിസ്ഥാനുമെത്തിരെ പോരാടാൻ തയ്യാറാക്കുന്ന ഓരോ ജവാന്‍റെയും ഉള്ളിൽ ക്യാപ്റ്റൻ ജെറി പ്രേംരാജിന്‍റെ ധീര സ്മരണകളാകും അലയടിക്കുക.