തിരുവനന്തപുരം: കോൺഗ്രസിൻ്റെ അവശേഷിക്കുന്ന ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വട്ടിയൂർക്കാവ്, കുണ്ടറ, കൽപ്പറ്റ, നിലമ്പൂർ, തവനൂർ, പട്ടാമ്പി, ധർമ്മടം മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. വനിത പ്രാതിനിധ്യം വേണമെന്ന ഹൈക്കമാൻ്റ് നിർദേശത്തിൻ്റെ പശ്ചാത്തലത്തിൽ വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെ മത്സരിപ്പിച്ചേക്കും. അങ്ങനെയെങ്കിൽ അവിടെ പരിഗണിച്ചിരുന്ന പി.സി വിഷ്ണു നാഥിനെ കുണ്ടറയിലേക്ക് മാറ്റും. കൽപ്പറ്റയിൽ ടി.സിദ്ദിഖും നിലമ്പൂരിൽ വി.വി പ്രകാശിനെയും പരിഗണിക്കുന്നു.
അതേസമയം തവനൂരിൽ ഫിറോസ് കുന്നംപറമ്പിലിന് തന്നെയാണ് സാധ്യത. ഇവിടെ പരിഗണിച്ചിരുന്ന റിയാസ് മുക്കോളി പിന്മാറിയതോടെയാണ് ഫിറോസിനെ പരിഗണിക്കുന്നത്. പട്ടാമ്പിയിൽ പരിഗണിച്ചിരുന്ന ആര്യാടൻ ഷൗക്കത്തും മത്സരത്തിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് സൂചന. ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന ധർമ്മടം സീറ്റ് കോൺഗ്രസിന് തിരികെ നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ഇവിടെ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും അത് ആര് എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. കെ.സുധാകരൻ മത്സരിച്ചേക്കും എന്ന് പ്രചാരണം ഉണ്ടായെങ്കിലും മത്സരത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.