തിരുവനന്തപുരം: ജില്ലയില്‍ ആര്‍സിസിയുടെ കീഴില്‍ മംഗലപുരത്ത് പ്രവര്‍ത്തിച്ചിരുന്ന അര്‍ബുദ നിയന്ത്രണ പഠന കേന്ദ്രം സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടി. ഗ്രാമപ്രദേശങ്ങളില്‍ അര്‍ബുദ രോഗികളെ കണ്ടെത്തുകയും ആവശ്യമായ ചികിത്സ നിര്‍ദേശിക്കുന്നതിനുമായാണ് മംഗലപുരത്ത് അര്‍ബുദ നിയന്ത്രണ പഠന കേന്ദ്രം ആരംഭിച്ചത്.
വിദേശ സഹായത്തോടെയായിരുന്നു 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. വിദേശ ഫണ്ട് നിലച്ചതോടെ സ്ഥാപനം പ്രതിസന്ധിയിലായി. വനിതാ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പോത്തൻകോട്, ചിറയിൻകീഴ്, വാമനപുരം ബ്ലോക്കുകളിലെ 17 പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഈ കേന്ദ്രത്തിലൂടെ പ്രയോജനം ലഭിച്ചിരുന്നു. ആര്‍സിസിയില്‍ എത്താന്‍ കഴിയാത്ത രോഗികള്‍ ചികിത്സാക്കായി ഇവിടെക്കായിരുന്നു എത്തിയിരുന്നത്. സ്ഥാപനം നില നിർത്താൻ നടപടി എടുക്കണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം.
കേന്ദ്രം നിലനിർത്താൻ തദ്ദേശഭരണ സ്ഥാപനങ്ങളെ കോർത്തിണക്കി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പുതിയ പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ അതിനും തുടർ നടപടികളുണ്ടായില്ല. ജോലി തുടർന്നും ലഭിക്കാൻ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ജീവനക്കാർ നിവേദനം നല്‍കിയിട്ടുണ്ട്.