തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തിപ്പാണ് പ്രധാന പരിഗണന വിഷയം. വോട്ടിങ് സമയം ആറ് മണി വരെ നീട്ടുന്നതിലും കൊവിഡ് രോഗികൾക്ക് വോട്ട് ഏർപ്പെടുത്തുന്നത് സംബന്ധിച്ചും സർക്കാർ നിലപാടെടുക്കും. വിഷയത്തിൽ സർക്കാർ തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷണർ ആരാഞ്ഞിരുന്നു.
കൂടാതെ സംസ്ഥാനത്തെ ബാർ - ബിയർ പാർലറുകൾ പൂർണമായും തുറന്നു പ്രവർത്തിക്കുന്നതിലും തീരുമാനം ഉണ്ടായേക്കും. രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ വന്നതിനെ തുടർന്ന് 11 സംസ്ഥാനങ്ങളിൽ ബാറുകൾക്ക് പ്രവർത്തന അനുമതി നൽകിയിരുന്നു. ശ്രീനാരായണഗുരു സർവകലാശാല സംബന്ധിച്ച ഓഡിനൻസിന് മന്ത്രിസഭ രൂപം നൽകും. സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ കൗശികൻ അധ്യക്ഷനായ അന്വേഷണ സമിതിയുടെ റിപ്പോർട്ടും പരിഗണനയിൽ വരും.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നിരീക്ഷണത്തിലായിരുന്നതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം മാറ്റി വെക്കുകയായിരുന്നു.