തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരില്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌ത കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പങ്കെടുക്കുന്ന ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കും (KB Ganesh Kumar and Kadannappalli Ramachandran first Cabinet). രാവിലെ 10 മണിക്കാണ് മന്ത്രിസഭായോഗം. നവകേരള സദസ് യാത്രയുടെ സാഹചര്യത്തില്‍ ഒന്നരമാസത്തിന് ശേഷമാണ് സെക്രട്ടേറിയറ്റിൽ മന്ത്രിസഭായോഗം ചേരുന്നത് (Kerala Cabinet meeting).
ഈ മാസം 25ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനത്തോടെ നിയമസഭാസമ്മേളനം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇക്കാര്യം യോഗത്തിൽ ചർച്ചയാകും. നവകേരള സദസിൽ ലഭിച്ച പരാതികളും അതിന്‍റെ തുടർനടപടികളും യോഗത്തിൽ വിലയിരുത്തും.
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളും വില വില വർധിപ്പിക്കണമെന്ന റിപ്പോർട്ടും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. ഡിസംബർ 29നാണ് കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തത്. രാജ്ഭവൻ വളപ്പിൽ പ്രത്യേകമായി തയ്യാറാക്കിയ പന്തലിലായിരുന്നു ചടങ്ങ്.
റോഡ് ഗതാഗതം, ജലഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകള്‍ എന്നിവയാണ് കെബി ഗണേഷ് കുമാറിന് നല്‍കിയിട്ടുള്ളത്. എന്നാല്‍ രജിസ്‌ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ് എന്നിവയുടെ ചുമതല രാമചന്ദ്രന്‍ കടന്നപ്പള്ളിക്കാണ്. അതേസമയം മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍കോവിലിന് പകരം തുറമുഖ വകുപ്പ് കൂടി മന്ത്രി വിഎന്‍ വാസവന് നല്‍കിയിട്ടുണ്ട്. നിലവില്‍ സഹകരണം, തുറമുഖം എന്നീ വകുപ്പുകളാണ് മന്ത്രി വിഎന്‍ വാസവന്‍ കൈകാര്യം ചെയ്യുക.