തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രതയിൽ വിട്ട് വീഴ്‌ച വേണ്ടെന്ന് മന്ത്രിസഭ തീരുമാനം. സംസ്ഥാനത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും അതീവ ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ നിർദ്ദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി തുടരും. സാമൂഹിക വ്യാപനം തടയാൻ മൂന്നാഴ്‌ച മുന്നിൽ കണ്ടുള്ള പ്രവർത്തനത്തിന് മന്ത്രിസഭ തീരുമാനിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കും. ഇതിനായി കൂടുതൽ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
റിട്ടയേർഡ് ഡോക്ടർമാരുടെ സേവനവും ആവശ്യമെങ്കിൽ സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഇക്കാര്യം പഞ്ചായത്തുകൾക്ക് തീരുമാനിക്കാം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോക്‌ടർമാരുടെ പ്രത്യേക സമിതി രൂപീകരിക്കാനും മന്ത്രി സഭ തീരുമാനിച്ചു. മദ്യ വിൽപനശാലയുടെ പ്രവർത്തനവും മന്ത്രിസഭ യോഗത്തിൽ ചർച്ചയായി. ബാറുകളും ബിവറേജസുകളും അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. തിരക്ക് കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭ നിർദേശം നൽകി. 598 ബാറുകളും 301 ബിവറേജസ് ഔട്‌ലറ്റുകളുമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.