തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ആയുധമാക്കി സര്‍ക്കാരിനെതിരെ തുറന്ന പോരിനിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തളയ്ക്കാന്‍ പുതിയ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണറാണ്.
എന്നാല്‍ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ഓരോ സര്‍വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലര്‍മാരുണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ധരായിരിക്കും സര്‍വകലാശാലകളുടെ ചാന്‍സലര്‍മാര്‍ എന്നാണ് മന്ത്രിസഭ തീരുമാനം. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകലാശാല നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ലക്ഷ്യം.
ഭരണഘടനയില്‍ നിക്ഷിപ്‌തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാകില്ലെന്ന പൂഞ്ചി കമ്മിഷന്‍ ശുപാര്‍ശ കണക്കിലെടുത്തു കൂടിയാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ദീര്‍ഘകാല ലക്ഷ്യം രൂപപ്പെടുത്തിയെടുക്കാന്‍ തലപ്പത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വൈദഗ്ധ്യമുള്ള വ്യക്തികള്‍ വരുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രിസഭ യോഗം വിലയിരുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തു വിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം സര്‍ക്കാര്‍ ഇത്തരത്തില്‍ ഓര്‍ഡിനന്‍സ് തയാറാക്കിയാലും ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാകുന്നത് സംശയമാണ്. ഗവര്‍ണര്‍ ഒപ്പു വച്ചാല്‍ മാത്രമേ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരികയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍, തന്നെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കുന്ന ഒരു ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ സ്വാഭാവികമായും ഒപ്പിടില്ല.
ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യമുണ്ടായാല്‍ അതിനെ രാഷ്‌ട്രീയമായി നേരിടുകയായിരിക്കും സര്‍ക്കാര്‍ നീക്കം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കുന്ന തരത്തില്‍ നിയമസഭയില്‍ ബില്ലു കൊണ്ടു വരികയാണ് അടുത്ത പോംവഴി. അവിടെയും ബില്ല് സഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമമാകൂ. പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.