തിരുവനന്തപുരം : വിദേശത്ത് നിന്നെത്തുന്നവര്‍ മങ്കി പോക്‌സ് രോഗവിവരങ്ങള്‍ മറച്ചുവയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂരില്‍ മങ്കി പോക്‌സ് ബാധിച്ച് മരിച്ചയാള്‍ക്ക് ദുബായില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച വിവരം വൈകിയാണ് അറിയിച്ചത്. യുഎഇയില്‍ നിന്നും ഈ മാസം 22നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി ഇയാള്‍ നാട്ടിലെത്തിയത്.
27ന് പുലര്‍ച്ചെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും 30നാണ് മങ്കിപോക്‌സ് ബാധിതനാണെന്ന് ആശുപത്രിയില്‍ അറിയിച്ചത്. ഇതിനുശേഷമാണ് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചത്. മരണ ശേഷം പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രാഥമിക പരിശോധനയില്‍ വെസ്റ്റ് ആഫ്രിക്കന്‍ വകഭേദമാണെന്നാണ് കണ്ടെത്തിയത്. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്‍റെ നേതൃത്വത്തിലുള്ള ഉന്നത തല സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മരിച്ച,രോഗിയുമായി 20 പേരാണ് ഹൈ റിസ്‌ക് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്.
വീട്ടുകാര്‍, സഹായി, നാല് സുഹൃത്തുക്കള്‍, ഫുട്‌ബോള്‍ കളിച്ച 9 പേര്‍ എന്നിവരാണ് ഈ പട്ടികയിലുള്ളത്. വിമാനത്തില്‍ 165 പേരാണുണ്ടായിരുന്നത്. ഇവര്‍ അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നില്ല.
21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. ഇതനുസരിച്ച് ഈ 165 പേരും സ്വയം നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ എയര്‍പോര്‍ട്ടുകളിലും ഹെല്‍പ് ഡസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാണ്.
ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.