തിരുവനന്തപുരം : സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകളിലടക്കമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട, കണ്ണൂര്‍ കോര്‍പറേഷനിലെ പള്ളിപ്രം എന്നിവിടങ്ങളാണ് തെരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ വാര്‍ഡുകള്‍. ഇത് കൂടാതെ രണ്ട് മുനിസിപ്പാലിറ്റി വാർഡുകളിലും, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും പോളിങ് പുരോഗമിക്കുകയാണ്.
ആകെ 60 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 29 പേർ സ്ത്രീകളാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരത്ത് മുട്ടട കോര്‍പറേഷന്‍ വാര്‍ഡ്, പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനാറ വാര്‍ഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.
കൊല്ലം അഞ്ചല്‍ പഞ്ചായത്തിലെ തഴമേല്‍, പത്തനംതിട്ടയില്‍ മൈലപ്ര ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡ്, ആലപ്പുഴ ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ മുനിസിപ്പല്‍ ഓഫിസ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തന്‍തോട്, മണിമല പഞ്ചായത്തിലെ മുക്കട, പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുന്നിലം, എറണാകുളം നെല്ലിക്കുഴി പഞ്ചായത്തിലെ തുളുശ്ശേരിക്കവല, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂര്‍, മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളം, ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ അകലൂര്‍ ഈസ്റ്റ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല, കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം, കോഴിക്കോട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗണ്‍, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം, കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ - പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി എന്നീ വാര്‍ഡുകളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം മുട്ടട വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ ടിപി റിനോയ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. വാര്‍ഡ് രുപീകൃതമായ കാലം മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണ് മുട്ടട വാര്‍ഡില്‍ വിജയിച്ചിട്ടുള്ളത്. ഡിവൈഎഫ്‌ഐ കേശവദാസപുരം മേഖല സെക്രട്ടറി അജിത് രവീന്ദ്രനാണ് ഈ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എസ്‌എഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ അജിത് രവീന്ദ്രന്‍ ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ആര്‍ ലാലനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി എസ് മണി മത്സരിക്കുന്നു.
ALSO READ: തിരുവനന്തപുരം മുട്ടട വാർഡിൽ ഉപതെരഞ്ഞെടുപ്പ്
എല്‍ഡിഎഫ് കഴിഞ്ഞാല്‍ ഈ വാര്‍ഡില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്നത് യുഡിഎഫ് ആണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ല തലത്തിലെ പ്രധാന നേതാക്കളെല്ലാം മുട്ടടയില്‍ ദിവസങ്ങളായി പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. തിരുവനന്തപുരം നഗരസഭയിലെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദം സംസ്ഥാന സര്‍ക്കാരിന് എതിരായുള്ള എ ഐ ക്യാമറ വിവാദം എന്നിവ ഉള്‍പ്പടെയാണ് യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ പ്രധാന പ്രചരണായുധം. അതേസമയം വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.