തിരുവനന്തപുരം : കൊല്ലം കടയ്ക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ടവർക്ക് ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന്‍റെ ഇടപെടൽ. മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് തുറക്കാന്‍ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കി. പരിക്കേറ്റവരുടെ വിവരങ്ങളറിയാൻ മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
0471 2528300 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വിവരങ്ങൾ അറിയാം. പരിക്കേറ്റവരെ പ്രവേശിപ്പിച്ച രണ്ട് ആശുപത്രികളിലും മതിയായ ജീവനക്കാരെ ഉറപ്പ് വരുത്തിയിട്ടുണ്ട്. കടയ്ക്കല്‍ ആശുപത്രിയില്‍ നിസാര പരിക്കുകളുള്ള 15 പേരാണ് ചികിത്സയിലുള്ളത്.
42 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. റെഡ് സോണിലും യെല്ലോ സോണിലും വിദഗ്‌ധ ചികിത്സ നല്‍കി പരിക്കേറ്റവരെ എമര്‍ജന്‍സി ട്രോമ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ മേലേമുക്കിന് സമീപം തിങ്കളാഴ്‌ച രാത്രി 7.30നാണ് അപകടമുണ്ടായത്. പാലോടുനിന്ന് കുളത്തൂപ്പുഴയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും തെന്മല ഭാഗത്ത് നിന്ന് പാറശാലയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.