തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ നാല് പേർ അറസ്റ്റിൽ. അന്വേഷണ സംഘം ചോദ്യം ചെയ്യുകയായിരുന്ന രണ്ട് താത്കാലിക ജീവനക്കാരെയും രണ്ട് ഇടനിലക്കാരെയുമാണ് അറസ്റ്റ് ചെയ്‌തത്.
മരപ്പാലം സ്വദേശി അജയഘോഷാണ് നഗരസഭയിലെ താത്കാലിക ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ സ്വാധീനിച്ച് വാണിജ്യ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി കെട്ടിട നമ്പര്‍ തരപ്പെടുത്തിയത്. സഞ്ചയ സോഫ്‌റ്റ്‌വെയറില്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന, യൂസർനെയിമും പാസ്‍വേഡും കൈക്കലാക്കിയാണ് ജീവനക്കാർ ക്രമക്കേട് നടത്തിയത്. ഈ വര്‍ഷം ജനുവരി 28നാണ് കെട്ടിട നമ്പർ പാസായത്.
ആഭ്യന്തര അന്വേഷണത്തില്‍ സംഭവം കണ്ടെത്തിയതോടെ തട്ടിപ്പ് നടത്താന്‍ സഹായിച്ച ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കിയിരുന്നു. നഗരസഭയില്‍ നിന്ന് സ്ഥലം മാറിപ്പോയതും വിരമിച്ചതുമായ ഉദ്യാഗസ്ഥരുടെ ലോഗിന്‍, പാസ്‌വേഡുകള്‍ എന്നിവ ഇവര്‍ പോയതിന് ശേഷവും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
അജയഘോഷിന്‍റെ രണ്ട് വാണിജ്യ കെട്ടിടങ്ങള്‍ക്കാണ് താത്കാലിക ജീവനക്കാർ അനധികൃതമായി കെട്ടിട നമ്പർ നൽകിയത്. അജയഘോഷ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അന്വേഷണം സൈബർ പൊലീസിൽ നിന്ന് മ്യൂസിയം സിഐക്ക് കൈമാറി. ഇത് പ്രതികളെ രക്ഷിക്കാനുള്ള രാഷ്‌ട്രീയ നീക്കത്തിന്‍റെ ഭാഗമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. എന്നാൽ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കേസ് മാറ്റിയതെന്ന് കമ്മിഷണർ സ്‌പർജൻ കുമാർ പറയുന്നു.
Also Read: കോര്‍പ്പറേഷൻ കെട്ടിട നമ്പര്‍ തട്ടിപ്പ്; അന്വേഷണം നടക്കുകയാണെന്ന് സൈബര്‍ പൊലീസ്