തിരുവനന്തപുരം : ബഫർസോൺ വിഷയത്തിൽ ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ. പ്രതിപക്ഷം ഉന്നയിച്ച രണ്ട് ഭേദഗതികൾ കൂടി ഉള്‍പ്പെടുത്തിയാണ് പ്രമേയം അംഗീകരിച്ചത്. വനം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായിരിക്കണം എന്ന ഉത്തരവിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും സ്ഥാപനങ്ങളെയും ഒഴിവാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
വേണ്ടിവന്നാൽ വിഷയത്തില്‍ നിയമനിർമാണം നടത്തണമെന്നും, വനം മന്ത്രി എ കെ ശശീന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. ഉത്തരവ് പൊതുതാത്പര്യത്തെ ബാധിക്കുന്നതും ജനജീവിതത്തെ ദുരിതത്തിലാക്കുന്നതുമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
Also Read: പരിസ്ഥിതി ലോല മേഖല വിധിക്കെതിരെ പ്രതിഷേധം; യുഡിഎഫ് ഹർത്താൽ നിലമ്പൂരിൽ പൂർണം
പ്രമേയത്തിന് സാധുത ലഭിക്കാൻ ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖലയാകാം എന്ന 2019 ലെ മന്ത്രിസഭ ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, നിലവിലുള്ള ഉത്തരവ് സുപ്രീം കോടതി പരിഗണിച്ചാൽ പ്രമേയം നിലനിൽക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിഷയം കേന്ദ്ര ഉന്നതാധികാര സമിതിയെ ധരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.