തിരുവനന്തപുരം: ഭൂപതിവ് ചട്ടഭേദഗതി നിയമം ഇടുക്കി ജില്ലക്കാരോടുള്ള വിവേചനമെന്ന് പി.ജെ.ജോസഫ് നിയമസഭയിൽ പറഞ്ഞു. മറ്റു ജില്ലകളിലെ ജനങ്ങൾക്കുള്ള അവകാശം ഇടുക്കിക്കാർക്ക് നിഷേധിക്കുന്നതാണ് ചട്ടത്തിലുള്ളതെന്നും ഇത് പിൻവലിക്കണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
ഇടുക്കിയിലെ ഭൂപതിവ് ചട്ടഭേദഗതിക്കെതിരെ പി.ജെ ജോസഫാണ് അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി തേടി നിയമസഭയിൽ നോട്ടീസ് നൽകിയത്. ഇടുക്കിയിൽ മാത്രം നിയമം കൊണ്ടുവരാനുള്ള കാരണം സർക്കാർ വ്യക്തമാക്കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. നിയമത്തിലൂടെ ഇപ്പോഴും ഇടുക്കിക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുകയാണ്. നിഷ്പക്ഷമായി സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. ഇടുക്കിയിലെ ജനങ്ങൾ ആശങ്കയിലാണെന്നും ഭൂമിയുടെ ഉടമസ്ഥരെ പാട്ടക്കാരായി മാറ്റുന്നതാണ് നിയമമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.