തിരുവനന്തപുരം: പവിഴപ്പുറ്റുകളെ കുറിച്ചുള്ള പുസ്‌തകത്തിന്‍റെ പ്രകാശനം കടലിനടിയിൽ നിർവഹിച്ചു (Book launch on coral reefs under the sea). തിരുവനന്തപുരം കോവളത്താണ് സ്‌കൂബ ഡൈവറും ഗവേഷകനും എഴുത്തുകാരനുമായ അരുൺ അലോഷ്യസ് രചിച്ച "പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ" എന്ന പുസ്‌തകമാണ് കടലിനടിയിൽവച്ച് പ്രകാശനം ചെയ്‌തത്.
മറൈൻ ബയോളജിസ്റ്റായ അനീഷ ബെനഡിക്‌ടാണ് കടലിനടിയിൽ പുസ്‌തകത്തിന്‍റെ പ്രകാശനം നിർവഹിച്ചത്. സ്‌കൂബ ഡൈവിങ് വിദ്യാർഥികളായ റിസ്വാന റഫീഖ്, ഗായത്രി ഗോപൻ, ആവണി ബാബു എന്നിവരാണ് പുസ്‌തകം ഏറ്റുവാങ്ങിയത്. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു കോവളം തീരത്തോട് ചേർന്നുള്ള കടലിൽ പുസ്‌തകത്തിന്‍റെ പ്രകാശനം നടന്നത്.
കടലിന്‍റെ അടിത്തട്ടിലായിരുന്നു പ്രകാശനം. തൃശൂരിലെ സമത ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്‌തകം കടലിലെ വ്യത്യസ്‌തമായ പവിഴപ്പുറ്റുകളുടെ വിവരങ്ങളും അതിന്‍റെ സംരക്ഷണത്തിന്‍റെ പ്രാധാന്യവും വിശദീകരിക്കുന്നു. ഇന്ത്യയിലെയും സിംഗപ്പൂരിലെയും ദുബായിലെയും അക്വേറിയങ്ങളിൽ ദീർഘനാൾ പ്രവർത്തി പരിചയമുള്ള അരുൺ അലോഷ്യസ് ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്.
കുട്ടികൾക്ക് വിജ്ഞാനപ്രദമായ പുസ്‌തകം മുതിർന്നവർക്കും ഇഷ്‌ടപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയതെന്ന് അരുൺ അലോഷ്യസ് പറയുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പവിഴപ്പുറ്റുകൾ രൂപപ്പെടുന്ന രീതി. കടൽ ജീവികൾ എത്തരത്തിൽ പവിഴപ്പുറ്റുകളെ ആശ്രയിക്കുന്നുവെന്നും പുസ്‌തകം വിശദീകരിക്കുന്നു. പ്രകാശന ചടങ്ങിന് ശേഷം കോവളം തീരത്ത് കേന്ദ്ര മറൈൻ ഫിഷറീസ് ഗവേഷണ കേന്ദ്രത്തിന്‍റെ തലവൻ ബി സന്തോഷ് പുസ്‌തകത്തിന്‍റെ വിശദീകരണവും നടത്തി.