തിരുവനന്തപുരം : പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി ഷെഫീഖ് പിടിയില്‍. ആര്യനാട് ഇയാള്‍ ഒളിവില്‍ പാര്‍ത്തിരുന്ന സ്ഥലത്തുനിന്നുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് ഇയാളും സഹോദരനും മാതാവും ചേര്‍ന്ന് പൊലീസിന് നേരെ ബോംബെറിയുന്നത്.
ഒളിവില്‍ കഴിഞ്ഞതും പോരാഞ്ഞ് മര്‍ദനവും: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരന്‍റെ ആര്യനാട്ടെ നിര്‍മാണത്തിലിരുന്ന വീട്ടിലായിരുന്നു ഷെഫീഖും കേസിലെ മറ്റൊരു പ്രതിയായ അബിനും ഒളിവില്‍ കഴിഞ്ഞിരുന്നത്. നിര്‍മാണത്തിലിരുന്ന വീട്ടില്‍ വെള്ളമൊഴിക്കാന്‍ എത്തിയ വീട്ടുടമ ഇവരെ കണ്ട് ചോദ്യം ചെയ്‌തതോടെ പ്രതികള്‍ ഇയാളെ മര്‍ദിച്ച് കിണറ്റിലിടുകയായിരുന്നു. തുടര്‍ന്ന് വീട്ടുടമയുടെ നിലവിളി ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഷെഫീഖിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. ഇയാള്‍ക്കൊപ്പം ഒളിവില്‍ താമസിച്ചിരുന്ന അബിന്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
വീട്ടുകാര്‍ ചേര്‍ന്ന് ആക്രമണം : കഴിഞ്ഞ ബുധനാഴ്ചയാണ് പുത്തന്‍തോപ്പ് സ്വദേശി നിഖില്‍ നോര്‍ബെറ്റിനെ ഷെഫീഖും സഹോദരന്‍ ഷമീറും ഉള്‍പ്പെട്ട ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. നിഖിലിന്‍റെ അടിവസ്‌ത്രത്തില്‍ പടക്കം തിരുകി വാളുകാട്ടി ഭീഷണിപ്പെടുത്തി ഇയാളുടെ ബൈക്ക് ഇവര്‍ തട്ടിയെടുത്തു.
തുടര്‍ന്ന് നിഖിലിന്‍റെ അച്ഛനെ വിളിച്ച് ഇവര്‍ അഞ്ച് ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. പണം കൈമാറാനായി ലൊക്കേഷനും ഫോണില്‍ അയച്ചു കൊടുത്തു. തുടര്‍ന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ തിരിച്ചറിയുകയും പിടികൂടാനായി വീട്ടിലെത്തിയപ്പോള്‍ ഷെഫീഖും സഹോദരന്‍ ഷെമീറും അമ്മയും ഇവര്‍ക്കുനേരെ ബോംബെറിയുകയായിരുന്നു.
ഒന്നല്ല, രണ്ട് ആക്രമണം: ആദ്യ ബോംബാക്രമണത്തിന് ശേഷം ഷെഫീഖ് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് അതില്‍ ഉള്‍പ്പെട്ടിരുന്ന ഇയാളുടെ അമ്മയെയും സഹോദരനെയും പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. പിന്നീട് ഇതേ ദിവസം വൈകുന്നേരം ഇയാള്‍ വീട്ടില്‍ തിരികെ എത്തിയെന്ന വിവരം ലഭിച്ച് പൊലീസ് സ്ഥലത്തെത്തി. അപ്പോഴും ഉദ്യോഗസ്ഥര്‍ക്കുനേരെ ഷെഫീഖ് ബോംബെറിഞ്ഞു.
പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് പ്രാവശ്യവും തലനാരിഴയ്ക്കാണ് പൊലീസ് രക്ഷപ്പെട്ടത്. അതിനിടെ അറസ്‌റ്റിലായ, ഷെഫീഖിന്‍റെ സഹോദരന്‍ ഷെമീര്‍ ജയിലില്‍ വച്ച് ആത്മഹത്യശ്രമം നടത്തിയിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിച്ച് ജീവനൊടുക്കാനായിരുന്നു നീക്കം.