തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന എസി അതിവേഗ ബോട്ടുകൾ സംസ്ഥാനത്ത് വീണ്ടും സർവീസ് ആരംഭിക്കുന്നു. എറണാകുളം - വൈക്കം, ആലപ്പുഴ - കോട്ടയം റൂട്ടുകളിൽ ആണ് ജലഗതാഗതവകുപ്പ് എസി ബോട്ട് സർവീസ് നടത്തുന്നത്. റോഡിലെ ഗതാഗതക്കുരുക്കിൽ പെടാതെയുള്ള യാത്രയാണ് എസി ബോട്ടുകൾ നൽകുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും സർവീസ് നടത്തുക. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബോട്ട് സർവീസ് തുടങ്ങാൻ ജലഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
2018ലാണ് എറണാകുളം ബോട്ട് സർവീസ് ആരംഭിച്ചത്. ആലപ്പുഴ സർവീസ് ഈ വർഷമാദ്യം ആരംഭിച്ചിരുന്നു. 120 യാത്രക്കാർക്കാണ് ഒരു ബോട്ടിൽ യാത്ര ചെയ്യാനാവുക. അതിൽ 40 എസി സീറ്റുകളും 80 നോൺ എസി സീറ്റുകളുമാണുള്ളത്. എറണാകുളം വൈക്കം റൂട്ടിൽ എസി യാത്രയ്ക്ക് 80 രൂപയും നോൺ എസിക്ക് 40 രൂപയുമാണ് ചാർജ്. ആലപ്പുഴ കോട്ടയം റൂട്ടിൽ എസി യാത്രക്കാർക്ക് 100 രൂപയും നോൺ എസി യാത്രക്കാർക്ക് 50 രൂപയുമാണ് നിരക്ക്. വിനോദസഞ്ചാരികൾക്കായി പ്രത്യേക സർവീസും ക്രമീകരിച്ചിട്ടുണ്ട്. പാതിരാമണൽ, കുമരകം, പക്ഷിസങ്കേതം എന്നിവയാണ് വിനോദ സഞ്ചാരികൾക്ക് വേണ്ടിയുള്ള യാത്രയിൽ അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ യാത്രയ്ക്ക് എസിക്ക് 300 രൂപയും നോൺ എസിക്ക് 200 രൂപയും നൽകണം. എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാണ് ബോട്ടുകൾ സർവീസ് ആരംഭിക്കുന്നത്. ആലപ്പുഴയിൽ നിന്ന് സർവീസ് നടത്തുന്ന ബോട്ടിൽ കുടുംബശ്രീയുടെ ഒരു ലഘു ഭക്ഷണശാലയും സജ്ജീകരിച്ചിട്ടുണ്ട്.