തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ എസ് എഫ് ഐ പ്രതിഷേധത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇന്ന് എ ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കും(Commissioner To Give Report On Governor Issue). നടുറോഡിലിറങ്ങി സുരക്ഷാ വിഴ്‌ചയെക്കുറിച്ച് ഗവര്‍ണര്‍ തന്നെ വിമര്‍ശനമുന്നയിച്ചതിനാല്‍ സംഭവത്തില്‍ സര്‍ക്കാരിനോട് രാജ്ഭവന്‍ വിശദീകരണം തേടാന്‍ സാധ്യതയുണ്ട്.
പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും സിറ്റി പോലീസ് കമ്മീഷണര്‍ എ ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കുക. ഇന്നലെ രാത്രിയായിരുന്നു രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവര്‍ണറുടെ യാത്ര മദ്ധ്യേ മൂന്നിടത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ആദ്യം പാളയം യൂണിവേഴ്‌സിറ്റിക്ക് സമീപവും പിന്നീട് ജനറല്‍ ആശുപത്രിയിലും പേട്ടയിലും പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
പേട്ടയിലെത്തിയപ്പോഴായിരുന്നു ഗവര്‍ണര്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നടുത്തത്. ഇതോടെ പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും പോലീസ് നീക്കി. 19 എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ എ ആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്കെതിരെ അനധികൃതമായി റോഡ് ഗതാഗതം തടസ്സപ്പെടുത്തി പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എ ഡി ജി പിയുടെ ഭാഗത്ത് നിന്നുമുള്ള മറുപടി കണക്കിലെടുത്താകും കൂടുതല്‍ നടപടികള്‍.
ഇതിനിടെ രാജ്ഭവനോ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയാല്‍ പോലീസ് ഡി ജി പി ഉള്‍പ്പെടെ മറുപടി പറയേണ്ട സാഹചര്യമുണ്ട്. ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാനായി ഡെല്‍ഹിയില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കാനുള്ള സാഹചര്യവും തള്ളികളയാനാകില്ല.