തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഓഫിസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അല്ലാതെ നിയമപരമായി നിലനിൽക്കുന്നതല്ലമെന്നുമാണ് സർക്കാർ വാദം. കുറ്റപത്രത്തിൽ കേസ് നിലനിൽക്കുന്നതിനുള്ള തെളിവുകൾ ഉണ്ടെന്നാണ് പരാതിക്കാരന്‍റെ വാദം.
പൊതുസ്ഥലത്ത് അരങ്ങേറിയ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികൾ ആരുമില്ല. എഫ്.ഐ.ആറിൽ ഒരു പ്രതിയെ കുറിച്ചും പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടില്ല. പരാതിക്കാരൻ പൊലീസിന് നൽകിയ മൊഴിയിൽ അഞ്ചു പേർ ഉണ്ടായിരുന്നു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോൾ ഏഴു പ്രതികളായി. എന്നാൽ കുറ്റപത്രം സമർപ്പിച്ചപ്പോള്‍ അത് നാലു പ്രതികളായി ചുരുങ്ങി. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾക്ക് തെളിവ് നിയമത്തിലെ 65 (ബി) സർട്ടിഫിക്കറ്റ് ഇല്ല എന്നീ കാരണങ്ങളാണ് കേസ് പിൻവലിക്കുന്ന അപേക്ഷയിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞ കാരണങ്ങൾ.
ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ രാഷ്‌ട്രീയ പ്രേരിതമായി പെരുമാറുകയാണ്. കുറ്റപത്രത്തിൽ കേസ് നിലനിൽക്കുന്നതിനുള്ള തെളിവുകൾ ഉണ്ട്. ഇത്തരം കേസുകൾ പിൻവലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കേസിലെ ഒന്നാം സാക്ഷി വിനീത് സമർപ്പിച്ച തർക്ക ഹർജിയിൽ പരാതിക്കാരൻ മറുപടി നൽകി. 2017 ജൂലായ് 28നാണ് ബി.ജെ.പി ഓഫിസ് ആക്രമിക്കപ്പെട്ടത്.
തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലറും സിപിഎം പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി ബിനു, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. ഇവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
Also Read: ബ്രൂവറി, ഡിസ്റ്റിലറി കേസില്‍ ഫയലുകള്‍ സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി