തിരുവനന്തപുരം: നേമത്ത് മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പ് പോരാട്ടം കടുപ്പിക്കുന്നതിനിടെ കെ. മുരളധീരനെ കുമ്മനത്തിന്‍റെ സാനിധ്യത്തില്‍ പ്രശംസിച്ച് ഒ. രാജഗോപാല്‍. മുരളീധരന്‍ കരുത്തനായ സ്ഥാനാര്‍ഥിയാണ്. കരുണാകരന്‍റെ മകനായ മുരളിക്ക് മികച്ച പാരമ്പര്യമാണുള്ളതെന്നും രാജഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുന്നോടിയായി ഒ. രാജഗോപാലിനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ കുമ്മനം എത്തിയപ്പോഴാണ് പ്രതികരണം. ശക്തനായ പ്രതിയോഗിയാണ് നേമത്ത് ഉള്ളതെന്നും രാഷ്ട്രീയ ശത്രുതയ്ക്കപ്പുറം പരസ്‌പര ബഹുമാനം വേണമെന്നും രാജഗോപാല്‍ പറഞ്ഞു.
രാജഗോപാലിനോട് നിര്‍ദേശങ്ങള്‍ ചോദിച്ചറിഞ്ഞ കുമ്മനം നേമത്ത് പൂര്‍ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നല്ല പാഠമാണ് രാജേട്ടനില്‍ നിന്ന് ലഭിച്ചതെന്ന് പറഞ്ഞ കുമ്മനം വിദ്വേഷത്തിന്‍റെ രാഷ്ട്രീയമല്ല, ക്രീയാത്മകവും രചനാത്മകവും ഭാവാത്മകവുമായ രാഷ്ട്രീയമാണ് വേണ്ടതെന്നും പറഞ്ഞു. മൂന്ന് മുന്നണികളും അഭിമാന പോരാട്ടം നടത്തുന്ന നേമത്ത് ബിജെപിയുടെ ഔദ്യോഗിക പ്രചാരണപരിപാടികള്‍ ഇന്ന് തുടങ്ങി. വീടുകള്‍ കയറി വോട്ട് ചോദിച്ചാണ് ആദ്യ ഘട്ടത്തില്‍ പ്രചാരണം. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും റോഡ് ഷോയും നടക്കും.