തിരുവനന്തപുരം: ഭിന്നിപ്പിക്കുന്നതിൽ ഡോക്ടറേറ്റ് എടുത്ത ബിജെപിക്കാർ കർഷകർക്ക് മുന്നിൽ പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിന്‍റെ ഹുങ്കിൽ എന്തും നേരിടാം എന്ന കേന്ദ്രസർക്കാരിന്‍റെ അഹങ്കാരം കർഷകർക്ക് മുന്നിൽ വില പോയില്ല.
കുതന്ത്രങ്ങളിലൂടെയും അടിച്ചമർത്തലുകളിലൂടെയും കർഷക സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ കരുതരുത്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം മുന്നോട്ടു കൊണ്ടു പോകും. കേരളം സമരത്തിൽ സജീവമായി രംഗത്ത് ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സിപിഐ ദേശീയ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ വി. എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, എ. കെ. ശശിധരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും ജോസ് കെ. മാണിയും പങ്കെടുത്തു.