തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭക്ക് മുന്നിൽ ബി.ജെ.പിയുടെ പ്രതിഷേധം. സഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. നിയമസഭക്ക് ഉള്ളിലും പിണറായി സർക്കാർ നീതി കാണിക്കുന്നില്ലെന്ന് ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു.
ഉള്ളിൽ അവിശ്വാസ പ്രമേയം നടക്കുന്നതിനിടെയാണ് ബി.ജെ.പി പ്രതിഷേധവുമായി നിയമസഭക്ക് മുന്നിൽ എത്തിയത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ തുടർച്ചയായിരുന്നു നിയമസഭക്ക് മുന്നിലെ സമരം. ഇതിനിടെ ഒ. രാജഗോപാൽ എം.എൽ.എയും നിയമസഭക്ക് പുറത്തെത്തി. നിയമസഭയിൽ ഒ. രാജഗോപാലിന് സംസാരിക്കാൻ അനുമതി നൽകാത്ത നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് പണം എ.കെ.ജി സെന്‍ററിലേക്കും മുഖ്യമന്ത്രിക്കുമാണ് പോയതെന്നും സുരേന്ദ്രൻ ആരോപിച്ചു. പിരിഞ്ഞു പോകാൻ തയ്യാറാകാതെ നിയമസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.