തിരുവനന്തപുരം: നിയസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നുവെന്ന് പാർട്ടി വിലയിരുത്തൽ. നേമത്ത് മുസ്ലീം വോട്ടുകൾ ഏകീകരിച്ചത് മാത്രമല്ല കുമ്മനം രാജശേഖരന്‍റെ തോൽവിക്ക് കാരണം. ബിജെപിക്ക് ലഭിച്ചിരുന്ന നായർ വോട്ടുകളിൽ നല്ലൊരു ശതമാനം യുഡിഎഫിലേക്ക് പോയതും തോല്‍വിക്ക് കാരണമായെന്നും ജില്ലാ തല അവലോകന യോഗം വിലയിരുത്തി.
ബിജെപിയുടെ സിറ്റിംഗ് വാർഡുകളിൽ ബഹുഭൂരിപക്ഷത്തിലും വോട്ടുകൾ കുറഞ്ഞു. വട്ടിയൂർക്കാവിൽ വിവി രാജേഷിന് പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കഴക്കൂട്ടത്ത് സ്ഥാനാർഥി നിർണയം വൈകിയത് പരാജയത്തിന് കാരണമായി. ജില്ലയില്‍ മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
Read more: കേരളത്തിലെ ബിജെപിയുടെ തോൽവി വിലയിരുത്തും; വോട്ടുകച്ചവടം രാഷ്‌ട്രീയ ദുരാരോപണമെന്നും വി. മുരളീധരൻ
മുൻ ജില്ലാ പ്രസിഡന്‍റ് എസ് സുരേഷും നിലവിലെ പ്രസിഡന്‍റ് വിവി രാജേഷും തമ്മിൽ യോഗത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. കഴിഞ്ഞ രണ്ടു വർഷമായി ജില്ലയിൽ പാർട്ടിയുടെ വോട്ടുകൾ കുറഞ്ഞു വരികയാണെന്ന് സുരേഷ് വിമർശിച്ചു. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എസ് സുരേഷ് നേടിയതിനേക്കാൾ വോട്ട് നേടാൻ തനിക്കായെന്ന് വിവി രാജേഷ് മറുപടി നല്‍കി. ജില്ലാ പഞ്ചായത്തിലെ സിറ്റിങ് ഡിവിഷൻ നിലനിർത്താൻ സുരേഷിനായില്ലെന്നും രാജേഷ് ചൂണ്ടിക്കാട്ടി. ഇരു നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ജില്ലാ കോർ കമ്മിറ്റി യോഗം വിളിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിർദേശിച്ചു. അതേ സമയം, ശോഭ സുരേന്ദ്രൻ അവലോകന യോഗത്തിൽ പങ്കെടുത്തില്ല.