തിരുവനന്തപുരം: ക്ലേ ഫാക്‌ടറിയിൽ നടന്ന കൂലി തർക്കത്തെ തുടർന്നുണ്ടായ കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടു. സാഹചര്യ തെളിവുകൾ മാത്രം കണക്കിലെടുത്ത് പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി. അന്വേഷണത്തിൽ പൊലീസ് ജാഗ്രത കാട്ടണം എന്നും കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. 2010 മാർച്ച് മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം. മംഗലപുരം വൈലൂർ ക്ലേ ഫാക്‌ടറിയിൽ നിന്നും ക്ലേ കൊണ്ടുപോകുന്ന വിഹിതത്തെ സംബന്ധിച്ചുള്ള തർക്കമാണ് ചെപ്പടി ബിനുവിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. പത്തോളം പേർ ചേർന്ന് ബിനു താമസിക്കുന്ന അഴൂർ ചിലമ്പിലെ വീട്ടിൽ കയറി ഇയാളെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ ബിനു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ ആക്രമികൾ കേസിലെ സാക്ഷിയായ അബ്‌ദുൽ സലാമിന്‍റെ വാഴത്തോപ്പിൽവച്ച് മാരകമായി വെട്ടി കൊലപ്പെടുത്തി. ആക്രമണത്തിൽ ബിനുവിന് 31ഓളം വെട്ടേറ്റിരുന്നു. ഏറെ വാർത്ത പ്രാധാന്യം നിറഞ്ഞ ഈ കേസിൽ അന്ന് ആറ്റിങ്ങൽ സിഐ ആയിരുന്ന എം ഐ ഷാജിയാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
24ഓളം സാക്ഷികളെ വിസ്‌തരിക്കുകയും 30ഓളം തെളിവുകളും പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ഹാജരാക്കിയിരുന്നെങ്കിലും പ്രതികൾ കുറ്റം ചെയ്‌തെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് പത്ത് പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചത്. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ അഡ്വ.അനു വി എസ്, അഡ്വ.ശ്രീക്കുട്ടൻ ആർ സി, അഡ്വ.സുനിൽ വിശ്വനാഥൻ, അഡ്വ.സ്വപ്‌ന യെശോധരൻ എന്നിവർ ഹാജരായി.