എറണാകുളം: സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റില്ലെന്ന് സൂചന നൽകി എൻഫോഴ്സ്മെൻ്റ്. ബിനീഷിനെ കഴിഞ്ഞ ദിവസം പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും. മൊഴി വിശകലനം ചെയ്‌ത ശേഷമായിരിക്കും അടുത്ത ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുക. ഇ.ഡി കൊച്ചി മേഖല ഓഫിസിൽ അടുത്തയാഴ്‌ച ബിനീഷ് നേരിട്ട് ഹാജരാകേണ്ടിവരും.
ചോദ്യം ചെയ്യലിൽ ബിനാമി സാമ്പത്തിക ഇടപാടുകളുടെ കുടുതൽ വിവരങ്ങളാണ് ബിനീഷ് വെളിപ്പെടുത്തിയത്. ബിനീഷിൻ്റെ മൊഴികളിൽ പരാമർശമുള്ള ചിലരെകൂടി വരും ദിവസങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും. സ്വർണക്കടത്ത് - മയക്കുമരുന്ന് കടത്ത് പ്രതികളുമായുള്ള ബന്ധം, സ്വപ്‌നക്ക് കമ്മിഷൻ നൽകിയ വിസ സ്റ്റാമ്പിങ് സ്ഥാപനമായ യു.എ.എഫ്.എക്‌സിലെ പങ്കാളിത്തം, ബെഗളൂരുവിൽ രജിസ്റ്റർ ചെയ്‌ത കമ്പനികളിലൂടെ നടന്ന പണമിടപാടുകൾ എന്നിവയെകുറിച്ചായിരുന്നു ചോദ്യം ചെയ്‌തത്. സ്വർണക്കടത്തിന് പിന്നിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് അസിസ്റ്റൻ്റ് ഡയറക്‌ടർ പി.രാധാകൃഷ്ണൻ, ജോയിൻ്റ് ഡയറക്‌ടർ ജയ്‌ഗണേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാരത്തോൺ ചോദ്യം ചെയ്യൽ.